Thursday, 8 April 2021

കവിത : എന്റെ ഗ്രാമം

എന്റെ ഗ്രാമം
എന്റെ ഗ്രാമമെനിക്കു നൽകിയതെൻ വർണ്ണശലഭമായ് പാറി നടന്നൊരാ-
കുട്ടിക്കാലം ......

തൃസന്ധ്യയിലെ സ്വർണ്ണ ശോഭയേറിയ- 
പാട വരമ്പുകളും പൂത്തുലഞ്ഞ പാലക്കൊമ്പും, ഉമ്മറക്കോലായിൽ ജ്വലിക്കുന്ന നിലവിളക്കിലേക്കെത്തി- 
നോക്കുന്ന അമ്പിളി മാമനും .......

ആ പോയ കാലത്തിൽ 
വിസ്മൃതിയിലാണ്ട ഓർമകൾ ......

ഇന്നിതോർക്കാൻ സമയമില്ലെൻ        ഗ്രാമമെന്നെ നിഷേധിച്ചതെന്തേ... തിരിച്ചെടുക്കാനാവാത്ത വിധമെന്നെ വിട്ടു പോരാൻ പ്രേരിപ്പിച്ചതെന്തേ .....

ഇനിയുമൊരു തിരിച്ചു വരവോ ? 
എൻ ഗ്രാമത്തെ ആശ്ലേഷിപ്പാൻ ....    എൻവിശേഷങ്ങളും , സ്വപ്നങ്ങളും പങ്കുവെയ്ക്കുവാൻ ഒരിക്കൽ കൂടി .....

ഇനിയെന്ന് ഒരു മടക്കയാത്ര 
തിരിച്ചിതേ ഗ്രാമത്തിലേക്ക് ......

Tuesday, 6 April 2021

ഈ ഇടനാഴികയിലിത്തിരിനേരം .......


ഓർക്കുമ്പോൾ മനസ്സിലെവിടെയോ വിങ്ങുന്ന നൊമ്പരം..... പഠനത്തിന്റെ വിരസ യാമങ്ങൾക്കു കൂട്ടായ് വന്നതു ഈ ഇടനാഴിയിലെ കുളിർക്കാറ്റും പലരും പറഞ്ഞു വെച്ചതും, ഓർത്തു വെച്ചതുമായ സ്മരണകളുടെ നേർത്ത സുഗന്ധമായിരുന്നു......
        വരാന്തയ്ക്കപ്പുറം തലയുയർത്തി നിൽക്കുന്ന വാഴത്തോപ്പിനു പറഞ്ഞു പറഞ്ഞു തീർക്കാൻ ഒരുപാടുണ്ട്. പണ്ടിവിടെ ഒരു കാലത്തു എല്ലാവരും കൂടി ചേർന്നും വാഴയും മറ്റും ചെടികളും വെച്ചു പിടിപ്പിച്ചതും.....  നെല്ലിമരവും .....ഞങ്ങളുടെ മുൻഗാമികളുടെ വിജയഗാഥകളും .......അങ്ങിനെയങ്ങിനെ ... പലതും.
  അവരുടെ വിജയം ഞങ്ങളുടെ വിജയത്തിന്റെ ചവിട്ടുപടികളാവട്ടെ....
      പിന്നെയെനിക്കീയിടനാഴിക ഒരു പാട് നിഗൂഢതകളുടെ കലവറ കൂടിയാണെന്നു തോന്നുന്നു. ഇവിടെ നിൽക്കുമ്പോൾ എന്നോ ആരോ ബാക്കി വെച്ചു പോയ പലതും തീർക്കാനുണ്ടെന്ന തോന്നൽ...... ഒരു പാട് സ്വപനങ്ങൾ നെയ്തു കൂട്ടി നടന്ന ആ ഇടനാഴികയിൽ ഇപ്പോൾ വെറുതെ വിരസമായി കാൽപ്പതിപ്പിച്ചു നടന്നു നീങ്ങുമ്പോൾ അറിയാതെ കണ്ണിൽ കുളിർ മഴ പെയ്യുന്നു......
      വിങ്ങുന്ന മനസ്സിന്റെ അതേ തേങ്ങലിന്റെ ബാക്കിപത്രമെന്നപോൽ കണ്ണുനീർ ഒലിച്ചിറങ്ങുന്നു......
തിരിഞ്ഞു നോക്കുമ്പോൾ ആ ഒഴിഞ്ഞു കിടക്കുന്ന കൽപ്പടവുകൾ ഇനിയും കാത്തിരിക്കുന്നതു പോലെ..........

Thursday, 1 April 2021

കവിത : കാലം

കാലം 

കാലമാകുന്ന ഒഴുക്കിൽ 
ജീവിതം പിന്നെയും  മുന്നോട്ട് 
ആഴമേറിയ ജീവിതത്തിലെ 
ചെറുമീനുകൾ നമ്മൾ, 
കാലമാം  ഒഴുക്കിൽപ്പെട്ടു 
കൊഴിയുന്ന മനുഷ്യജന്മങ്ങൾ. 

തീരം തേടിയുള്ള  യാത്രയിൽ 
പിന്നിടുന്ന വഴികളിൽ 
കണ്ടുമുട്ടിയ മുഖങ്ങളെ -
വിടെയോ പോയ്  മറഞ്ഞു. 

ഓർക്കുന്ന സൗഹൃദങ്ങളും 
സന്തോഷത്തിന്റെ നാളുകളും 
നിനച്ചിരിക്കാതെ  നേരിടേണ്ടി  -
വന്ന നിസ്സഹായ നിമിഷങ്ങളും 
ഓർക്കാത കൈവന്ന  ഭാഗ്യങ്ങളും
വീണുടഞ്ഞ സ്വപ്നങ്ങളും

ഇരുളടഞ്ഞ വീഥിയിലെ  കത്തുന്ന -
പ്രതീക്ഷയുടെ തിരിനാളങ്ങളും 
മനസ്സിന്റെ ഏതോ കോണിൽ 
ഒളിപ്പിച്ചു  വെച്ച സ്നേഹബന്ധങ്ങളും 

ജീവിത നൗകയിൽ എന്തിനോ 
ബാക്കിയായ്.... 
കാലം പിന്നെയും  മുന്നോട്ട്. 


ഗോപിക. പി. ജി 
പെരിങ്ങോട് 

അധ്യാപനത്തെ സ്നേഹിക്കുന്നവർ ....

അധ്യാപനത്തിനെ സ്നേഹിക്കുന്നവർ ...........

1. എന്റെ ആദ്യത്തെ അധ്യാപകൻ
            അധ്യാപനത്തിന്റെ മഹത്വമൊക്കെ മനസിലാക്കുന്നതിനൊക്കെ എത്രെയോ മുൻപു തന്നെ എന്റെ മനസ്സിൽ ഒരു അധ്യാപിക ആവണമെന്നുണ്ടായിരുന്നു. അതു എന്തുകൊണ്ടാണെന്ന ചോദ്യത്തിനുത്തരം,ഒരു പക്ഷെ  എന്റെ അച്ഛൻ ഒരധ്യാപകൻ ആയതു കൊണ്ടാവാം... എന്റെ ആദ്യത്തെ അധ്യാപകൻ തീർച്ചയായും എന്റെ അച്ഛൻ തന്നെയാണ്. എന്റെ ഏട്ടൻ അഭിയും പിന്നെ ബാല്യകാലത്തെ കൂട്ടുകാരായ രേഖ, സുനിൽ, ശ്രീജേഷ്, സനലേട്ടൻ, ചിന്നു , ശ്രീക്കുട്ടി .... തുടങ്ങിയവരുടെ നീണ്ട നിരയിൽ  ഞാൻ അച്ഛനോടൊപ്പം സായാഹ്നങ്ങളിൽ ഒത്തുകൂടുമ്പോൾ അവിടെബഹുരസമായ ഒരു വിഞ്ജാനത്തിന്റെ ലോകം സൃഷ്ടിക്കപ്പെട്ടിരുന്നു. അവരോടൊപ്പമുള്ള നല്ല നിമിഷങ്ങൾ എനിക്കിന്നും 
നഷ്ടവസന്തങ്ങളാണ്. അച്ഛൻ അവർക്കു നൽകിയ അറിവുകൾ ഇന്ന് കച്ചവടമാക്കിയ അറിവ് പകരലല്ലായിരുന്നു. എന്നെയും ഏട്ടനെയും പഠിപ്പിക്കുന്ന കൂട്ടത്തിൽ എന്റെ കൂട്ടുകാരെയും അച്ഛൻ പരിഗണിക്കുകയായിരുന്നു. തീർച്ചയായും അതവരുടെ ജീവിതത്തിലെ വലിയ കാൽവെപ്പുകളുടെ ചവിട്ടുപടികൾ തന്നെയായിരിക്കാം എന്നെനിക്കുറപ്പുണ്ട്. പഠനത്തിനായി ബാക്കി വെച്ച സമയങ്ങളിലെല്ലാം എനിക്കുണ്ടായ പല പ്രതിസന്ധികളിലും എന്റെ അച്ഛൻ എനിക്കായി കൂട്ടുണ്ടായിരുന്നു എന്നെനിക്കുറപ്പുണ്ട്. അതുപോലെ എനിക്ക് 17 ഉം ഏട്ടനു 19 ഉം വയസ്സാവുമ്പോൾ ഞങ്ങളെ വിട്ട് അച്ഛൻ പിരിയുമ്പോൾ ഞങ്ങൾക്കാകെ ഉണ്ടായിരുന്നത് ഞങ്ങളുടെ അമ്മ മാത്രായിരുന്നു. സ്വന്തമായി അന്നു വിടു പോലും ഉണ്ടായിരുന്നില്ല. അവിടുന്നങ്ങോട്ട് അമ്മയെയും ഏട്ടനെയും എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാൻ സഹായിച്ചത് അച്ഛൻ തന്നെയായിരുന്നു.. ഗോപി മാഷ് എന്ന എന്റെ അച്ഛൻ നാട്ടുകാരുടെയെല്ലാം പ്രിയങ്കരനായിരുന്നു. എന്റെ അച്ഛനെ അറിയാത്ത ആരും ഇല്ലാ എന്നു തന്നെ പറയാം. ഇന്നു് അതങ്ങനെത്തന്നെയാണ്. ആ അച്ഛന്റെ പേരും പ്രശസ്തിയുമല്ലാതെ ഒന്നും അച്ഛൻ ഞങ്ങൾക്കായി ബാക്കി വച്ചിരുന്നില്ല. ആ എല്ലാവരുടെ പ്രിയപ്പെട്ട മാഷിന്റെ ഭാര്യയായി അമ്മ യിന്നും ജീവിക്കുന്നു. ആ മാഷിന്റെ നല്ല മക്കളായി ഞാനും എന്റെ ഏട്ടനും . പല പ്രതിസന്ധികളും മുന്നിലുണ്ടെങ്കിലും ആ മാഷിന്റെ പ്രിയപ്പെട്ട കമലയും അഭിയും ഗോപികയും ഇന്നും മരിക്കാത്ത ഗോപി മാഷിന്റെ സ്മരണകളിൽ ജീവിക്കുന്നു. ഒരു ചെറിയ നോവോടെ...



 ഗോപി മാഷ് (പി.പി.ഗോവിന്ദൻ)

നമ്മുടെ മുൻതലമുറയിലുള്ളവരുടെ ഏറ്റവും വലിയ ദുഃഖമെന്തെന്നുള്ള ചോദ്യത്തിനവരിലെ ഭൂരിഭാഗം പേരുടെയും മറുപടി ;""തനിക്കു വേണ്ടത്ര വിദ്യാഭ്യാസത്തിനു അവസരം ലഭിച്ചില്ല ""എന്നാവും.എന്നാൽ ഇന്നത്തെ തലമുറയിലുള്ളവരോടടുള്ള ഈ ചോദ്യം അപ്രസക്തമാണ്. പക്ഷെ ചുരുക്കം ചിലർ ഇപ്പോഴും ഈ അവസ്ഥയിലുണ്ടാകാം. നമുക്കു,മുൻപേയുള്ളവർ വിദ്യാഭ്യാസത്തിനു വളെരെ വലിയ വില നല്കിയതുകൊണ്ടാണ് നമുക്കു വേണ്ടത്ര വിദ്യാഭ്യാസം ലഭിച്ചത്‌. അതുകൊണ്ടുതന്നെ നാം അതു ഫലപ്രദമായ രീതിയിൽ പ്രയോജനപ്പെടുത്തേണ്ടിരിക്കുന്നു.വിദ്യയും ധനവും ചേർന്നാൽ വിദ്യാഭ്യാസാമയെന്നു വിചാരിക്കുന്നൊരു കാലഘട്ടത്തിലാണ് നാമിന്നു ജീവിക്കുന്നത്.എന്നാൽ നാം ഇന്നു ചിന്തിക്കേണ്ടതെന്തെന്നാൽ വിദ്യാഭ്യാസത്തെ എങ്ങിനെ ഫലപ്രദമായി കുരുന്നുകളിലേത്തിക്കാം എന്നാണ്. അതിനു നമുക്കു മുൻപിൽ എത്രയോ അധ്യാപകരുണ്ട്. അവർ നമുക്കു നൽകിയത് നല്ല അനുഭവങ്ങളാണെങ്കിലും മോശം അനുഭവങ്ങളാണെങ്കിലും അവർ നമുക്കു നൽകിയത് ജീവിത പാഠങ്ങൾ തന്നെയായിരുന്നു.

2.എന്റെ പ്രിയപ്പെട്ട വാസുദേവൻ മാഷ്
          
            ഈ സുദിനത്തിൽ, ഗുരുവിനെ ഏറ്റവും കൂടുതൽ വന്ദിക്കാൻ അവസരം കിട്ടുന്ന ദിവസം (സെപതംബർ 5 അധ്യാപക ദിനം) ഞാൻ എന്നും ഓർക്കുന്നത് പെരിങ്ങോട് സ്കൂളിൽ പഠിപ്പിച്ച എന്റെ വാസുദേവൻ മാസ്റ്ററെയാണ്. എനിക്കേറ്റവും ഇഷ്ടമില്ലാത്ത കണക്ക് എന്ന എന്ന വിഷയം പഠിപ്പിക്കാൻ എട്ടാം ക്ലാസിലാണ് ആദ്യമായി സാർ ഞങ്ങളുടെ ക്ലാസിൽ വന്നത്. ഒരുപാട് അനുഭവങ്ങളുടെ കഥ പറഞ്ഞ് വീട്ടുവിശേഷങ്ങൾ പറഞ്ഞ് ഉല്ലസിപ്പിച്ച് കണക്ക് എന്ന കീറാമുട്ടി വിഷയത്തെ ലളിതമായി അവതരിപ്പിച്ച വാസുദേവൻ മാസ്റ്ററെ ഒരിക്കലും മറക്കാൻ കഴിയില്ല. ഒന്നു പേടിപ്പിക്കാൻ പോലും ചൂരൽ വടിയെടുക്കാത്ത സാർ . എന്റെ ഓർമയിൽ ഒരു കുട്ടിയെ പോലും സാർ അടിച്ചതായി ഞാനോർക്കുന്നില്ല. എട്ടാം ക്ലാസിലെ മുഴുവൻ കണക്കു പരീക്ഷകളിലും ഞാൻ നല്ല മാർക്കുകൾ തന്നെ നേടി. അത് സാറിന്റെ മാത്രം കഴിവും നേട്ടവുമാണെന്ന് ഞാൻ വിശ്വസിക്കുന്നു. സാറിന്റെ ലാളിത്യം കലർന്ന ശൈലികൾ എന്നെന്നും ഓർമയിൽ നില നിൽക്കുന്നതാണ്. ഒരിക്കലും ഇത്തരത്തിലുള്ള ഒരധ്യാപകനെ കിട്ടിയവർക്കൊന്നും അദ്ദേഹത്തിനെ മറക്കാനാവില്ല.                                                           
        


 ശ്രീ വാസുദേവൻ മാസ്റ്റർ

      ഒരു യഥാർത്ഥ അധ്യാപകൻ എപ്പോഴും കുട്ടികളുടെ മനസ്സിന്റെ ഉടമയായിരിക്കണം. അദ്ദേഹത്തെ പോലെ നല്ലൊരു ഹൃദയത്തിനുടമയായ ആ അധ്യാപകനെ ഞാനെന്നും എന്റെ മനസ്സിൽ ഓർക്കുന്നു.

സ്ത്രീ .....

കണ്ണുനീരിൽ ചാലിച്ച സ്നേഹത്തിൻ
സുഗന്ധം പരക്കുമ്പോൾ ........
എനിക്കായ് വിടർന്ന  പനിനീർ പുഷ്പമേ ......

 ഞാൻ നിനക്കായ് കൈ നീട്ടുമ്പോ
ഴെന്തെ വ്യഥാ നിൻ മുൾ വാക്കിനാലെന്നെ
 കുത്തി നോവിക്കുന്നു ....
നൊമ്പരത്താല
ടർന്നു വീഴാൻ കൊതിക്കുന്ന
 സൗന്ദര്യപുഷ്പമേ ...... 
നിനക്കെന്തിനീ ..... പാഴ്മുള്ളുകൾ .

 നിൻ സുഗന്ധമറിയാതെ
നിൻ നൈർമല്യമറിയാതെ 
 നിൻ സൗന്ദര്യം നുകർന്നു
 കേവലം മണ്ണിലെറിയു

മ്പോഴെന്തേ യറിയാതെ പോയ്
ചോര പൊടിയാതൊരിക്കലും
പൊട്ടിച്ചെറിയുക യസാധ്യമാം 
ദൃഢമുള്ളുകളെ ......

കവിത : നീ

ആ മഴയന്നൊരിക്കൽ 
നമുക്കായ് പെയ്തതായിരുന്നു....
അന്നു നീയെന്നെയൊരു വർണ്ണ-
 ക്കുടക്കീഴിൽ നിർത്തി...

ആ മഴയ്ക്കപ്പുറം നാം ജീവിത-
മഴവില്ലുകളാകാശത്തു കണ്ടു.
ഒരു മാത്ര വേളയിൽ മാന -
മിരുണ്ടു കറുത്തു തുടങ്ങി ,

ഇന്നു നീ കൂട്ടിനില്ലെന്നറിയാതെ
ആ മഴ നമുക്കായിന്നും പെയ്തിടുന്നു...
ഒരു മാത്ര വേളയിൽ മഴ കനത്തു ,
മാനമിരുണ്ടു കൊടും പേമാരിയായ് .....

നീയെന്നെയെന്നോ മറന്നകന്നു
ഇനിയി കൂരിരിട്ടും, പേമാരിയും
കടന്നുപോയേക്കാ മെന്നാലുമെന്നിലെ
നീ തന്നെയാണെന്നെ ഞാനാക്കിയത് .....